പൂന: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ വനിതാ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിച്ചുവെന്ന് ഉള്ളംകൈയിൽ കുറിപ്പെഴുതി വച്ചാണ് ഫാൽതൻ താലൂക്കിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ തൂങ്ങിമരിച്ചത്.
ബീഡ് സ്വദേശിനിയാണ് ഇരുപത്തിയെട്ടു വയസുള്ള ഡോക്ടർ. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ ഉടനടി സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ പോലീസ് സൂപ്രണ്ടിനു നിർദേശം നൽകി. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
സബ് ഇൻസ്പെക്ടർ ഗോപാൽ ബദനെ, മറ്റാരു പോലീസുകാരൻ പ്രശാന്ത് ബങ്കർ എന്നിവർ കഴിഞ്ഞ അഞ്ച് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി സ്വന്തം ഉള്ളംകൈയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം നടത്താൻ സത്താറ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു. ഫഡാനാവിസ് സർക്കാർ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് കുറ്റപ്പെടുത്തി